സുൽത്താൻ ബത്തേരി: ഒരു മഴ പെയ്താൽ പോലും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്തവിധം ചെളിക്കുളമായി മാറുകയാണ് നൂൽപ്പുഴ പഞ്ചായത്തിലെ മുത്തങ്ങ-കാളിച്ചിറ-ഉന്നതി വനഗ്രാമങ്ങളിലേക്കുള്ള റോഡുകൾ.
നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ മറ്റൊരു യാത്രാമാർഗവും ഇല്ലാത്തതിനാൽ മഴക്കാലത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാണ്. കാളിച്ചിറ, ഉന്നതി ഉൾപ്പെടെയുള്ള വനമേഖലകളിൽ താമസിക്കുന്നവർ തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസവും ഈ കാനനപാതയെയാണ് ആശ്രയിക്കുന്നത്.
മഴ പെയ്യുന്നതോടെ റോഡിൽ വലിയ തോതിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പല വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. നാല് വശവും വനത്താൽ ചുറ്റപ്പെട്ട കാളിച്ചിറ ഗ്രാമത്തിൽ നിന്ന് പുറത്തെത്താൻ വനപാത മാത്രമാണ് ആശ്രയം.
രാത്രിയിലും പുലർച്ചെയുമുള്ള യാത്രകളിൽ വന്യജീവി ശല്യവും ഭീതിയുയർത്തുന്നുണ്ട്. മഴക്കാലത്ത് റോഡിന്റെ ശോചനീയാവസ്ഥ കൂടി ചേരുന്നതോടെ പ്രദേശവാസികളുടെ ദുരിതം ഇരട്ടിയാകുകയാണ്. വർഷങ്ങളായി റോഡ് നവീകരണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും പരിഹാരം ലഭിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, തൊഴിൽ അവസരങ്ങൾ നഷ്ടപ്പടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കാളിച്ചിറ ഉന്നതിയിലെ ജനങ്ങൾക്ക് സുരക്ഷിതമായ സഞ്ചാര സൗകര്യം ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.